- March 28, 2026
അമല കോളേജ് ഓഫ് നഴ്സിംഗിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു
തൃശൂർ: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്ക് ഒരല്പം ജലം നൽകുന്നതിനായി പ്രേരണയാകുന്ന സ്നേഹ തണ്ണീർ കുടം പദ്ധതി, 2011 മുതൽ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടെ നടത്തി വരുന്നതാണ്. ഈ വർഷത്തെ ‘സ്നേഹ തണ്ണീർ കുടം - 2026’ പദ്ധതിയുടെ ഭാഗമായി അമല കോളേജ് ഓഫ് നഴ്സിംഗ് ക്യാമ്പസിൽ ഇന്ന് സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിത ലിസ്ബത്ത് നിർവഹിച്ചു. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ശ്രീ. ഷാജി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.ശ്രി. പ്രതീപ് ചെറുവാശേരി (സംസ്ഥാന അഡ്മിനിസ്ട്രേറ്റർ, പ്രകൃതി സംരക്ഷണ സംഘം) പരിപാടിക്ക് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോർഡിനേറ്റർമാരായ ശ്രീ. ഡോൺ ജോസ്, ശ്രീമതി സീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വർഷങ്ങളായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതി പ്രകൃതി സംരക്ഷണത്തിനും ജീവജാലങ്ങളുടെ സംരക്ഷണത്തിനും വലിയ പങ്ക് വഹിക്കുന്നതാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഓരോരുത്തരും തങ്ങളുടെ വീടുകളിലും പരിസരങ്ങളിലും പക്ഷികൾക്ക് ജലം ഒരുക്കി ഈ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും അവർ അഭ്യർത്ഥിച്ചു.